Wednesday, September 14, 2011



അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം; ഈ വര്‍ഷത്തേതിനും അംഗീകാരം

തിരുവനന്തപുരം: അധ്യാപകരുടെ നിയമന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജില്‍ മാറ്റം. പുതുതായുണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം, ഈ വര്‍ഷത്തെ നിയമനം അംഗീകരിക്കില്ല എന്നീ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക. സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധ്യാപക സംഘടനകളുമായും ബുധനാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തീരുമാനം അറിയിച്ചത്. ഇവരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശത്തെയും ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ എയ്ഡഡ് സ്കൂളിലും ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് ഒരാളെ നിയമിക്കുമെന്നും 2011 മാര്‍ച്ച് 31ന് മുമ്പ് ഒഴിവുവന്ന മുഴുവന്‍ തസ്തികകളിലെ നിയമനവും അംഗീകരിക്കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ബാങ്കില്‍നിന്ന് ഒരാളെ നിയമിച്ചാല്‍ ബാക്കി മാനേജ്മെന്‍റിന് നിയമിക്കാം. ഒരു തസ്തിക മാത്രമുണ്ടാകുന്ന സ്കൂളുകളിലെ നിയമനം വിട്ടുതരണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും. ഇനിയുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ല. അനുമതി തേടിയാല്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുക്കും. ടീച്ചേഴ്സ് ബാങ്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ തയാറാക്കുന്നത് പരിഗണിക്കും. പുതിയ അനുപാത പ്രകാരം രണ്ടാം ഡിവിഷന് വേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണം. എല്‍.പി, യു.പി വിഭജനം ഇതോടൊപ്പം തന്നെ നടപ്പാക്കേണ്ടി വരും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പാക്കേജിന് അന്തിമാംഗീകാരം നേടാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. ഉപസമിതി അംഗം മന്ത്രി കെ. ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പാക്കേജ് പ്രഖ്യാപനമനുസരിച്ച് 2010-11 വരെയുള്ള നിയമനങ്ങള്‍ മാത്രമായിരുന്നു അംഗീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ മാറ്റം വരുത്തി. ഈ വര്‍ഷം മാര്‍ച്ച് 31ന് മുമ്പുണ്ടായ ഒഴിവുകളില്‍ എന്ന് നിയമനം നടത്തിയാലും അംഗീകരിക്കും. ഇനിയുള്ള മുഴുവന്‍ ഒഴിവുകളിലും നിയമനം ബാങ്കില്‍നിന്നാകുമെന്നതായിരുന്നു പാക്കേജിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഇത് നടപ്പായാല്‍ മാനേജ്മെന്‍റിന് നിലവിലുള്ള നിയമനാധികാരത്തില്‍ നിയന്ത്രണം വരുമായിരുന്നു. ഇതിനെതിരെ മാനേജ്മെന്‍റുകള്‍ കടുത്ത എതിര്‍പ്പുയര്‍ത്തി.ഈ സാഹചര്യത്തിലാണ് എല്ലാ സ്കൂളുകളിലും ബാങ്കില്‍ നിന്ന് ഒരാളെ നിയമിക്കണമെന്ന വ്യവസ്ഥയിലേക്ക് ഇത് ഇളവ് ചെയ്തത്. ഇങ്ങനെ നിയമനം നടന്നാല്‍ തന്നെ പാക്കേജ് പൂര്‍ണമായി നടപ്പാക്കാനാകുമെന്നാണ് സര്‍ക്കാറിന്‍െറ വിലയിരുത്തല്‍.സര്‍ക്കാര്‍ നിലപാടിനെ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍, എം.ഇ.എസ്, എന്‍.എസ്.എസ് തുടങ്ങിയ കോര്‍പറേറ്റ് മാനേജ്മെന്‍റുകളും വിവിധ സംഘടനകളും പൊതുവേ പിന്തുണച്ചപ്പോള്‍ ഏതാനും സംഘടനകള്‍ എതിര്‍ത്തു. എന്നാല്‍ എതിര്‍പ്പിന് വഴങ്ങില്ളെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡി.പി.ഐ എ. ഷാജഹാന്‍, അധ്യാപക സംഘടനാ നേതാക്കളായ ജെ. ശശി, എ. സലാഹുദ്ദീന്‍, എന്‍. ശ്രീകുമാര്‍, പി.കെ. കൃഷ്ണദാസ്, എം. ഷാജഹാന്‍, എ. കെ. സൈനുദ്ദീന്‍, സിറിയക് കാവില്‍, ഹരിഗോവിന്ദന്‍, കെ. മോയിന്‍കുട്ടി, മാനേജ്മെന്‍റ് സംഘടനാ നേതാക്കളായ സി.സി. സാജന്‍, ഫാ. ജോസ് കരിവേലില്‍, വി. മൊയ്തുട്ടി, സി.പി. സുദര്‍ശനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.